ഏട്ടൻ
ഇനിയൊരു ജന്മമുണ്ടെങ്കിൽ, ആ ജന്മത്തിലേക്കായി എനിക്കൊരു വരം വേണം...
ഒരു ഏട്ടന്റെ അനിയത്തിയായി ജനിക്കാനുള്ള വരം !
കടലോളം സ്നേഹം ഉള്ളിലൊളിപ്പിച്ച്, അച്ഛനെപ്പോലെ എന്നെ ശാസിക്കുന്ന അമ്മയെപ്പോലെ ലാളിക്കുന്ന ഒരേട്ടന്റെ കുഞ്ഞനിയത്തിയാവണം.
ആ കൈകളായിരിക്കണം ആദ്യമായി എന്നെ പിച്ചവെപ്പിച്ച് നടത്തിക്കേണ്ടത്..
ആ അധരങൾ കൊണ്ടായിരിക്കണം ആദ്യമായെന്റെ നെറ്റിത്തടത്തിൽ സ്നേഹ ചുംബനം നൽകേണ്ടത്..
ആ വിരലുകൾ കൊണ്ടാവണം ആദ്യമായെന്റെ മിഴികളിൽ കരിമഷി പടർത്തേണ്ടത്..
പ്രിയപ്പെട്ട കളിക്കൂട്ടുകാരനായി ഓരോ സായന്ദനങളും മനോഹരമാക്കണം..
ഒരുമിച്ചിരുന്ന് ഉണ്ണുമ്പോൾ, സ്നേഹം ചാലിച്ചൊരുരുള ചോറ് എൻ നാവിൻ തുമ്പിലേക്ക് പകർന്ന് നൽകണം..
തെറ്റ് ചെയ്യുമ്പോൾ, നേർവഴികാണിച്ച് തരുന്ന എന്റെ ഗുരുവാകണം..
താലികെട്ടി കൊണ്ടുവരുന്ന പെണ്ണിനോട് ഇവളന്റെ പൊന്നുമോളാണെന്ന് പറയണം..
ഒരുനാൾ, ഞാൻ സുമംഗലിയായി പടിയിറങുമ്പോ നെഞ്ചോട് ചേർത്ത് നിർത്തി ആനന്ദകണ്ണീർ പൊഴിക്കണം..
വർഷങളെത്ര കഴിഞ്ഞാലും,ആ നെഞ്ചിലൊരു കൊച്ചു കുഞ്ഞിന്റെ സ്ഥാനം നിലനിൽക്കണം..
ഒടുവിൽ,ഞാനാണ് ആദ്യം മരണത്തിന് കീഴടങുന്നതെങ്കിൽ അവസാനമായി എന്റെ നെറ്റിത്തടത്തിലൊന്ന് ചുംബിക്കണം.
അന്നാദ്യമായി ചുംബിച്ചത് പോലെ,സ്നേഹം ചാലിച്ചൊരു ചുംബനം...!
👫💑
@Aswathy

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ