പിറന്നാൾ സമ്മാനം💕💕
2015 ഒക്ടോബർ,6. എന്നത്തേയും പോലെ രാവിലെ കോളേജിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു ഞാൻ.
വൈകി എണീറ്റത് കൊണ്ട് വെപ്രാളം പിടിച്ചൊരു കുളിയും പാസാക്കി ഭക്ഷണം കഴിക്കുന്നതിനിടയ്ക്കാണ് മൊബൈലിൽ ഒരു കോൾ വന്നത്.
പരിചയമില്ലാത്ത നമ്പർ ആയതുകൊണ്ട് അമ്മയുടെ കൈയ്യിൽ കൊടുത്തു.
അമ്മ സംസാരിച്ചപ്പോ കൂട്ടുകാരിയാണെന്ന് പറഞ്ഞത്രേ..
നിന്റെ കൂട്ടുകാരിയാണെന്നാ പറയുന്നത് എന്ന് പറഞ്ഞ് അമ്മ
മൊബൈൽ എന്റെ കൈകളിലേക്ക് തന്നെ തന്നു..
മൊബൈൽ ചെവിയോടടുപ്പിച്ച് ഞാൻ ചോദിച്ചു...ആരാ?? എനിക്ക് മനസ്സിലായില്ലല്ലോ..
ഞാൻ ചോദിച്ചതിനുള്ള ഉത്തരമായിരുന്നില്ല മറുപടി കിട്ടിയത്.
മറിച്ച്, "ഹാപ്പി ബർത്ത്ഡേ അശ്വതിക്കുട്ടീ" അതായിരുന്നു മറുപടി.
ഇത് ആരാണെന്നറിയാതെ ഞാനാകെ ആശയകുഴപ്പത്തിലായി..
പാലിയം സ്കൂളിൽ കൂടെ പഠിച്ച കൂട്ടുകാരിയാണ് ശബ്ദം കേട്ടിട്ട് മനസ്സിലായില്ലേ? നീ തന്നെ കണ്ടുപിടിക്ക്, അവളെന്നോട് പറഞ്ഞു...
ആരാണെന്ന് മനസ്സിലാവാത്തതുകൊണ്ട് ഞാൻ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നവരുടെയെല്ലാം പേര് പറഞ്ഞു.
പക്ഷേ,അവരാരും ആയിരുന്നില്ല...
ഒടുവിൽ ചെറിയൊരു ചമ്മലോടെ, കുറ്റബോധത്തോടെ ഞാൻ തോൽവി സമ്മതിച്ചു...
അവൾ പറഞ്ഞു,ഞാൻ "ഹസീന മോൾ" ആണെടീ...
ഓർമ്മയില്ലേ??
അപ്പോഴാണ് ആ രൂപം എന്റെ മനസ്സിലേക്ക് വന്നത്,മെലിഞ്ഞ് തട്ടമിട്ട എപ്പോഴും പുഞ്ചിരിക്കുന്നവൾ.
അയ്യോ,നീ ആയിരുന്നോ എനിക്ക് പെട്ടെന്ന് മനസ്സിലായില്ലാടീ,നീ എങനെയറിഞ്ഞൂ എന്റെ ബർത്ത്ഡേ ഇന്നാണെന്ന് ആകാംഷയോടെ ഞാൻ ചോദിച്ചു...
നീ ഓട്ടോഗ്രാഫിൽ എഴുതിയിരുന്നു,അങനെ അറിഞ്ഞു എന്ന അവളുടെ മറുപടി കേട്ടപ്പോ എന്റെ മനസ്സിലൊരു മഴ പെയ്യുകയായിരുന്നു...
എന്തായാലും താങ്ക്സ് ഡീ, ഞാൻ പിന്നെ വിളിക്കാട്ടോ കോളേജിൽ പോകാനായി വെപ്രാളത്തിലാണെന്ന ജാമ്യം എടുത്ത് മൊബൈൽ താഴെ വെച്ചപ്പോ... മനസ്സിൽ പറഞ്ഞറിയിക്കാനാവാത്തൊരു സന്തോഷം ആയിരുന്നു.
കാണുമ്പോഴൊക്കെ പുഞ്ചിരിക്കും,വെല്ലപ്പോഴും സംസാരിക്കും എന്നത് ഒഴിച്ച് അവളെന്റെ ബെസ്റ്റ് ഫ്രണ്ടൊന്നും ആയിരുന്നില്ല.
എന്നിട്ടും,ഓട്ടോഗ്രാഫിലെ ജന്മതീയ്യതി ഓർത്ത് വെച്ച് ആശംസകൾ അറിയിച്ചതിതെന്തിനാണ്?
അവളുടെ മൊബൈലിലെ ബാലൻസ് കുറഞ്ഞു എന്നതല്ലാതെ അവൾക്കെന്താ നേട്ടം?
നെഞ്ചോട് ചേർത്ത് വച്ചിരുന്നവരാരും ഓർക്കുക പോലും ചെയ്യാതിരുന്ന എന്റെ ജന്മദിനം അവൾ ഓർത്ത് വച്ചതെന്തിനാ?
ഈ ചോദ്യങൾ ഞാനെന്നോട് തന്നെ ചോദിച്ചപ്പോഴാണ് എനിക്ക് ആ ഉത്തരം കിട്ടിയത്.....!
യഥാർത്ഥത്തിൽ നമ്മെ സ്നേഹിക്കുന്നവർ എപ്പോഴും നമ്മുടെ ഒപ്പം ഉണ്ടാകണമെന്നില്ല. നമ്മൾ പോലും അറിയാതെ നമ്മെ സ്നേഹിക്കുന്ന, നമുക്കായി പ്രാർത്ഥിക്കുന്ന ചിലരുണ്ടാകും.
നമുക്ക് പ്രിയപ്പെട്ടവരുടെ കൂടെ നടക്കുമ്പോ നമ്മൾ കാണാതെ പോയ ചിലർ.
ചേർത്ത് നിർത്തേണ്ടിയിരുന്ന ചിലർ....
❤❤❤👭❤❤❤

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ