സ്നേഹത്തിന്റെ രാജകുമാരി 💞

സ്നേഹത്തിന്റെ രാജകുമാരി 💞



ആമിയെ അറിയാൻ ശ്രമിച്ചാ പെൺകുട്ട്യോള് ചീത്തയാവൂത്രേ.

ഒരു പെണ്ണ് പറയാൻ പാടില്ലാത്തതൊക്കെ വിളിച്ച് പറഞ്ഞവളാണത്രേ.

ഞാൻ മനസ്സിലാക്കിയിടത്തോളം വെറുതെയാണ് ഈ ആരോപണങളൊക്കെ!

ഒരു പെണ്ണിന് തുറന്ന് എഴുത്തും തുറന്ന് പറച്ചിലും  ഇന്നും അസാധ്യമായ സമൂഹത്തിൽ പതിറ്റാണ്ടുകൾക്ക് മുമ്പേ തന്നെ സ്വന്തം ജീവിതം തുറന്നെഴുതാൻ ധൈര്യം കാണിച്ചവൾ.

അറിയാൻ ശ്രമിച്ചപ്പോഴാണ് മനസ്സിലായത്,സ്നേഹം എന്തെന്ന് പഠിക്കണമെങ്കിൽ  ആമിയിൽ നിന്ന് തന്നെയാകണമെന്ന്.

ആമിയെ പ്രണയത്തിന്റെ രാജകുമാരി എന്നല്ല സ്നേഹത്തിന്റെ രാജകുമാരി എന്ന് വിശേഷിപ്പിക്കാനാണെനിക്കിഷ്ടം.

സഹായം അഭ്യർത്ഥിച്ചവർക്ക് അവൾ വളയൂരി കൊടുത്തിരുന്നു.

പ്രകടിപ്പിക്കപ്പെടുന്ന സ്നേഹത്തിൽ മാത്രമേ അവൾ വിശ്വസിച്ചിരുന്നുള്ളൂ.

സ്നേഹത്തെ ഇത്ര നൈസർഗികമായി, തീവ്രമായി അവതരിപ്പിച്ച മറ്റേത് എഴുത്തുകാരിയാണുള്ളത്.

അപമാനിതയായ അവളുടെ സ്ത്രീത്വത്തിന്റെ അവസ്ഥകളായിരുന്നു സ്വന്തം രചനകൾക്ക് അടിസ്ഥാനം.

അവളുടെ ജീവിതത്തിലെ കയ്പ്പ് നിറഞ്ഞ അനുഭവങളായിരുന്നു തൂലികതുമ്പിൽ നീർമാതളപൂവും,എന്റെ കഥയുമൊക്കെയായി  വിടർന്നത്.

അവൾക്ക് അതൊരു സ്വതന്ത്ര പ്രഖ്യാപനമായിരുന്നു.

സ്വന്തം വ്യക്തിത്വത്തെ അങേയറ്റം ഹനിച്ചിട്ടുപോലും ആമിയൊരിക്കലും തന്റെ ഭർത്താവിനെ വെറുത്തിരുന്നില്ല.

അയാളുടെ അവസാന നാളുകളിൽ പോലും ആമി സ്നേഹവും ശുശ്രൂഷയും നൽകിയിരുന്നു.

അവളുടെ സ്നേഹം അത്രമേൽ ആഴമേറിയതായിരുന്നു.

പ്രണയത്തെ തേന്മാവിൽ പടർന്ന് കയറിയ മുല്ലവള്ളിപോൽ ആമി ആത്മാവോട് ചേർത്ത് വച്ചിരുന്നു.

"സ്നേഹം ചീത്തയല്ല, വെറുപ്പാണ് ചീത്ത" എന്ന് വിശ്വസിച്ചിരുന്ന ബാല്യത്തിലെ നിഷ്കളങ്കത അവളിൽ നിലനിന്നിരുന്നത് കൊണ്ടാവാം പ്രണയത്തിനായി മതം മാറ്റം എന്നൊരു സാഹസത്തിന് പോലും അവൾ മുതിർന്നത്.

'സ്ത്രീക്ക് ഒരു ഹൃദയത്തിൽ നിന്ന് മറ്റൊരു ഹൃദയത്തിലേക്ക് മാത്രമേ യാത്ര ചെയ്യാൻ കഴിവുള്ളൂ.' എന്ന് അവൾ എഴുതി വെച്ചതും അതുകൊണ്ടാവാം.

സ്ത്രീയ്ക്ക് മാത്രമല്ലല്ലോ പുരുഷനും അങനെ തന്നെയല്ലേ? ഒരു വ്യത്യാസം മാത്രം.

സ്ത്രീ ഹൃദയത്തിലേക്ക് മാത്രം ചേക്കേറാൻ ആഗ്രഹിക്കുമ്പോൾ, പുരുഷൻ ഹൃദയത്തിലേക്കും ശരീരത്തിലേക്കും ഒരുപോലെ ചേക്കേറാൻ ആഗ്രഹിക്കുന്നു.

അത് നൈസർഗികമാണ്.

ജീവിതത്തിലും സ്നേഹത്തിലും പ്രണയത്തിലും ഏറ്റ മുറിവുമായ് അവൾ പിന്നീട് പ്രണയത്തിലേക്ക് കടന്ന് ചെല്ലുകയും തളിർക്കുകയും ചെയ്തു.

ഒരു സാധാരണക്കാരന് ആമിയുടെ സ്നേഹവും പ്രണയവും മനസ്സിലാക്കുക എന്നത് ദുർഘടം തന്നെയാണ്.

ഒരു സ്ത്രീയ്ക്ക് തന്റെ പ്രണയത്തെക്കുറിച്ച്,ഇഷ്ടങളെക്കുറിച്ച് ഉറക്കെ പറയാൻ ചുറ്റുപാടുകൾ സ്വാതന്ത്ര്യം നല്കുന്നതേയില്ല.

അവൾ പുലമ്പുന്നതിലൊക്കെയും അനുഭവങൾക്കൊപ്പം, ഭാവനകളുടെ തള്ളികയറ്റവും ഉണ്ടാകാം.

പക്ഷേ അവൾ പറയുന്നതൊക്കെയും ആത്മാനുഭവങൾ മാത്രമാണെന്ന ചിന്തകളിൽ ഒരുപക്ഷേ പുരുഷന്മാരേക്കാൾ കൂടുതൽ മാനസികമായി പീഡിപ്പിക്കപ്പെടുന്നത് സ്ത്രീകൾ തന്നെയാണ്. എന്തെന്നാൽ,പുരുഷന് എന്തിനെ കുറിച്ചും പറയാം.

അവന് രതി ചിത്രങ്ങൾ ഒളിഞ്ഞും തെളിഞ്ഞും ആസ്വദിക്കാം, പാതിരാത്രിയിൽ തെരുവ് വീഥികളിൽ ഉലാത്താം,പ്രണയിനിയെ എവിടെയും പരിചയപ്പെടുത്താം, അവളുടെ ശരീരവടിവിനെ  അക്ഷരങളാക്കുകയുമാകാം...

അത് ഒരു സ്ത്രീ ചെയ്തപ്പോൾ മാത്രം അവൾ സദാചാരങൾക്ക് പുറത്തായി പോകുന്നു.

അത് തന്നെയാണ് ആമിയ്ക്കും സംഭവിച്ചത്.

പരസ്യമായി വിമർശിക്കുന്നതൊക്കെയും രഹസ്യമായി ആസ്വദിക്കുന്ന സമൂഹം അവളെ വേട്ടയാടി കൊണ്ടേയിരുന്നു.

അപ്പോഴും വിമർശനങളെ തള്ളിമാറ്റികൊണ്ട് സ്നേഹത്തെയും, സ്നേഹവും പ്രണയവും രതിയും നിറഞ്ഞ വരികളെയും ആമി ശ്വാസവായുവിനോട് ചേർത്തടക്കി പിടിച്ചു.

അവൾ തന്റെ ദുഃഖങളെയാണ്  അക്ഷരങളുടെ ലോകത്തേക്ക് പകർത്തിയത്.

വിമർശനങളുടെ കൂരമ്പുകൾ ഉയർന്നപ്പോഴും അവൾ ആരെയും തിരിച്ച് വേദനിപ്പിച്ചിരുന്നില്ല. വിമർശകരോട് ആമി പറഞ്ഞവാക്കുകൾ തന്നെയല്ലേ ഇന്നും നമുക്ക് ചുറ്റും നടക്കുന്നതും.

അവൾ പറഞ്ഞത് ഇങനെയായിരുന്നു...


"തറവാട്ടിൽ ആര് ആരെയൊക്കെ തേടി വന്നിരുന്നു എന്ന് എനിക്കറിയാമായിരുന്നു. എന്നിട്ടും ഞാനതൊന്നും പരസ്യമാക്കിയില്ല. അതുകൊണ്ട് തന്നെ അവരൊക്കെയും ലോകത്തിന് മുമ്പിൽ സന്യാസിമാരായിരുന്നു..."


aswathy

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പാഴ് കിനാവ്