യു.സി ലേക്ക് 💖

യു.സി യിലേക്ക് ഒരു യാത്ര 💖❤💖


ഞാൻ വരും വർഷങൾക്ക് ശേഷം,നിന്നെ കാണാൻ......

ഒരു മഴക്കാലത്ത് !

ചാപ്പലിലെ പ്രാവുകൾ ചേക്കേറുന്നൊരു സന്ധ്യാനേരത്ത്..

കാറ്റ് പൊഴിച്ചിട്ട ഇലകൾക്കിടയിലൂടെ നിന്റെ മണ്ണിൽ വീണ്ടും എന്റെ പാദങൾ പതിയും.

ചിന്നി ചിതറുന്നൊരു ചാറ്റൽ മഴയുണ്ടാകും കൂട്ടിന്..

എപ്പോഴൊക്കെയോ പുഞ്ചിരി കൊണ്ടും, കണ്ണീരുകൊണ്ടും നിറഞ്ഞ ആ വഴികളിലൂടെ ഞാൻ നടക്കും.

ഓർമ്മിയ്ക്കാൻ ഒരുപാടൊന്നുമില്ലെങ്കിലും മറക്കാതിരിക്കാൻ എന്തൊക്കെയോ ഉള്ള മലയാളം ഡിപാർട്ട്മെന്റിലെ ക്ലാസ്സ് മുറിയിലിരുന്ന് കണ്ടുമറന്ന മുഖങളൊക്കെ ഒന്നോർത്തെടുക്കും.

പിന്നെ,നേരെ സിസിയിലേക്ക്......

എപ്പോഴൊക്കെയോ വന്നിരുന്ന് കൂട്ടുകാരികളോട് കിന്നാരം പറഞ്ഞ നിമിഷങൾ മനസ്സിൽ നിറയും.

കൂടെ ആരുമില്ലെങ്കിലും അവിടെ നിൽക്കുമ്പോൾ എല്ലാവരും കൂടെയുണ്ടെന്ന് തോന്നും..

ആ വഴി വരുന്ന തെക്കൻ കാറ്റിന് ഒരു മാദകഗന്ധമുണ്ട്.

തിളയ്ക്കുന്ന എണ്ണയിൽ വറുത്ത് കോരുന്ന പലഹാരങളുടെ വശ്യമായ ഗന്ധം.

നമ്മുടെ ക്യാന്റീനിൽ നിന്ന്..

കണ്ണുകൾ മെല്ലെ അടച്ച് ആ ഗന്ധം ഉള്ളിലേക്ക് ആവാഹിക്കുമ്പോൾ, വയറ്റിലൊരു കുഞ്ഞ് വിശപ്പ് തലപൊക്കും..

പിന്നെ രക്ഷയില്ല,നേരെ ക്യാന്റീനിലേക്ക്...

പുറത്തെ മഴത്തുള്ളികളുടെ താളം കേട്ട്, നല്ല ചൂടൻ പരിപ്പുവടയും ചായയും😋.

വിശപ്പടക്കി കഴിയുമ്പോ ഇത്തിരി നേരം ലൈബ്രറിയിലേക്ക്....

മഹാബലിയുടെ കേരള സന്ദർശനം പോലെ വല്ലപ്പോഴും മാത്രം കടന്ന് ചെന്നിരുന്നയിടം.

എങ്കിലും,ശാന്തതയുടെ സുഖമറിയാൻ ഏറ്റവും നല്ലയിടം ലൈബ്രറി തന്നെയാണെന്ന് വീണ്ടും ഓന്നോർമിയ്ക്കാൻ കുറച്ച് നിമിഷങൾ, ലൈബ്രറിയിൽ.

സൊസൈറ്റിയിലെ ആന്റിയുടെ സ്ഥിരം പരാതിയുണ്ട്,അശ്വതി വീണ്ടും ക്ഷീണിച്ചല്ലോ ;

അത് കേൾക്കാതെ യു.സിയിലെ യാത്ര എങനെ പൂർത്തിയാകാനാണ്?

ആന്റിയോട് കിന്നാരവും പറഞ്ഞ് ഒരു പോപ്പിൻസും വാങി നുണയണം..

വീണ്ടും,പടവുകൾ കയറി ചെല്ലുമ്പോ ചുറ്റുമുള്ളതൊക്കെയും നഷ്ടപ്പെട്ടൊരു കാലത്തെ ഓർമ്മിപ്പിക്കും...

വെയ്റ്റിങ് റൂം,ഓഫീസിന് മുന്നിലെ ഗാന്ധിമാവ്, തലയുയർത്തി നിൽക്കുന്ന കച്ചേരി മാളിക അങനെ ഒത്തിരി നഷ്ടങൾ.

നേരെ ചാപ്പലിലേക്ക്.....

ഒരുപാട് പ്രാവശ്യം കൊതിച്ചിട്ടും എന്തുകൊണ്ടോ, നടക്കാതെ പോയൊരു ആഗ്രഹം,ചാപ്പലിൽ ഒറ്റയ്ക്ക് കുറച്ച്നേരം. നഷ്ടസ്വപ്നങളും, നേട്ടങളും,പരിഭവങളും അവിടെ ഇറക്കി വെച്ചൊന്ന് പൊട്ടികരയണം.

ബി.ബി.സിയിലെ മരചുവട്ടിലേക്ക് നടന്നെത്തുമ്പോഴേക്കും, പറയാതെ പോയ ഏതോ പ്രണയം പോലെ വിരഹത്തിന്റെ നോവ് നെഞ്ചിലൂറുന്നതായി തോന്നും.

മനസ്സ് ഒരു കൊച്ചു കുട്ടിയെപ്പോലെ തുള്ളി കളിക്കും.

തണുത്ത കാറ്റ് വീശുന്ന നേരം, ആ പടവുകളിലിരുന്ന് അങ് ദൂരേ നിന്ന് ഗ്രൗണ്ടിന് മേലേയ്ക്ക് അതുവരെ ചിന്നി ചിതറിയ മഴത്തുള്ളികൾ മഴയായി പെയ്തിറങുന്നത് കാണും.

പിന്നെ,ശരീരമാകെ കുളിരണിയിച്ച് ആ മഴ എന്നെ വന്ന് തൊടും.

അവസാനം,എന്നും കൺമുന്നിലുണ്ടായിരുന്നൊരു പൂവിനെ ആദ്യമായി തൊട്ടുനോക്കിയ നിർവൃതിയോടെ,സംതൃപ്തിയോടെ ഞാൻ പടിയിറങിപ്പോരും.

കഴിയുമെങ്കിൽ, വീണ്ടും വരുമെന്ന് മനസ്സിൽ കുറിച്ചിട്ടുകൊണ്ട്............❤

@Aswathy

Malayalam department

2015-2018 batch ☺

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്നേഹത്തിന്റെ രാജകുമാരി 💞

പാഴ് കിനാവ്